സംഘടന

സംസ്ഥാനത്തെ കേവല ദാരിദ്ര്യം ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച പ്രസ്ഥാനമാണ് സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ അഥവാ കുടുംബശ്രീ. ദാരിദ്ര്യ നിർമ്മാർജ്ജനം മുഖ്യചുമതലയായി ഏറ്റെടുത്തിട്ടുള്ള ഈ മിഷൻ അതിന്റെ പ്രവർത്തന പരിപാടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന സാമൂഹ്യാധിഷ്ഠിത സംഘടനാ സംവിധാനത്തിലൂടെയാണ് നടപ്പാക്കുന്നത്.

ഓരോ പ്രദേശത്തെയും കുടുംബങ്ങളിൽ നിന്നും 18 വയസ്സ് പൂർത്തിയായ ഓരോ സ്ത്രീയെ വീതം ഉൾപ്പെടുത്തി പ്രവർത്തിക്കുന്ന 10 മുതൽ 20 വരെ അംഗങ്ങൾ ഉള്ള അയൽക്കൂട്ടങ്ങളാണ് സംഘടനാ സംവിധാനത്തിലെ അടിസ്ഥാന ഘടകം. ഈ അയൽക്കൂട്ടങ്ങളെ വാർഡ് തലത്തിൽ ഏര്യാ ഡവല്പമെന്റ് സൊസൈറ്റികളായും (എ.ഡി.എസ്), നഗരസഭാ/പഞ്ചായത്ത് തലത്തിൽ കമ്മ്യൂണിറ്റി ഡവല്പമെന്റ് സൊസൈറ്റികളായും (സി.ഡി.എസ്.) ഫെഡറേറ്റ് ചെയ്തിരിക്കുന്നു. മൂന്നു തലത്തിലും പ്രവർത്തിക്കുന്ന ഇത്തരം സംഘടനകളുടെ ഭാരവാഹിത്വം ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകളാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ, എ.ഡി.എസിന്റെ രക്ഷാധികാരി എന്ന നിലയിലും തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷൻ കുടുംബശ്രീ സി.ഡി.എസ്. വിലയിരുത്തൽ സമിതിയുടെ അദ്ധ്യക്ഷൻ എന്ന നിലയിലും ഇൗ സാമൂഹ്യാധിഷ്ഠിത സംഘടനയ്ക്ക് നേതൃത്വം നൽകുന്നു.

സാമൂഹ്യാധിഷ്ഠിത സംഘടനാ സംവിധാനം
സംസ്ഥാനത്തെ കേവല ദാരിദ്ര്യം ഇല്ലായ്മ ചെയ്യുന്നതിന് ദരിദ്രരുടെ തന്നെ സംഘടനകൾക്ക് രൂപം നൽകുകയായിരുന്നു കുടുംബശ്രീ മിഷൻ ഈ സാമൂഹ്യാധിഷ്ഠിത സംഘടന ഗ്രാമ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്.

1. അയൽക്കൂട്ടം: സാമൂഹ്യാധിഷ്ഠിത സംഘടനാ സംവിധാനത്തിലെ അടിസ്ഥാന ഘടകമാണ് അയൽക്കൂട്ടം. അയൽക്കൂട്ടം പ്രാഥമിക അടിസ്ഥാന ഘടകമെന്ന നിലയിൽ സി.ഡി.എസ്സിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഇതിനെ അഫിലിയേഷൻ എന്നു പറയുന്നു. അടുത്തടുത്ത കുടുംബങ്ങളിലെ 10 മുതൽ 20 വരെ അംഗങ്ങൾ ചേർന്ന് രൂപീകരിക്കുന്ന അയൽക്കൂട്ടത്തിന്റെ സവിശേഷതകൾ ചുവടെ ചേർക്കുന്നു:-
• 10 മുതൽ 20 വരെ അംഗങ്ങൾ
• ഒരു കുടുംബത്തിൽ നിന്നും ഒരു വനിതയ്ക്ക് മാത്രം അംഗത്വം
• 5 അംഗ ഭരണ സമിതി - പ്രസിഡന്റ്, സെക്രട്ടറി, വരുമാനദായക വോളണ്ടിയർ, അടിസ്ഥാന സൗകര്യ വോളണ്ടിയർ, ആരോഗ്യദായക വോളണ്ടിയർ.

2018 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം 2.9 ലക്ഷം അയൽക്കൂട്ടങ്ങളിലായി 43 ലക്ഷം കുടുംബങ്ങൾ കുടുംബശ്രീയിൽ അംഗങ്ങളാണ്.
 

2. ഏര്യ ഡവല്പമെന്റ് സൊസൈറ്റി (എ.ഡി.എസ്.) : വാർഡ് തലത്തിൽ അയൽക്കൂട്ടങ്ങളുടെ 5 അംഗ വോളണ്ടിയർ പ്രതിനിധികളെ ഉൾപ്പെടുത്തി വാർഡ് തല എ.ഡി.എസ്. രൂപീകരിക്കുന്നു.
• ഒരു അയൽക്കൂട്ടത്തിൽ നിന്നും 5 അംഗ വോളണ്ടിയർ കമ്മിറ്റി അംഗങ്ങൾ
• 7 അംഗ ഭരണ സമിതി
• എക്സ് ഒഫിഷ്യോ അംഗങ്ങൾ
• വാർഡ് മെമ്പർ രക്ഷാധികാരി

നാളിതുവരെയുള്ള കണക്കുകൾ പ്രകാരം ആകെ 19,849 എ.ഡി.എസ്സുകൾ രൂപീകരിച്ചിട്ടുണ്ട്.

3. കമ്മ്യൂണിറ്റി ഡവല്പമെന്റ് സൊസൈറ്റി: പഞ്ചായത്ത്/നഗരസഭയിലെ വാർഡ് തല എഡിഎസ്സുകളെ ഏകോപിപ്പിച്ചുകൊണ്ട് എല്ലാ വാർഡുകൾക്കും പ്രാതിനിധ്യം നൽകി സി.ഡി.എസ്. രൂപീകരിക്കുന്നു.
• എല്ലാ എ.ഡി.എസ്സുകളിലേയും 07 അംഗ ഭരണ സമിതി അംഗങ്ങൾ ചേർന്നുണ്ടാകുന്ന പൊതുസഭ
• എല്ലാ 07 അംഗ എ.ഡി.എസ്. ഭരണ സമിതികളിൽ നിന്നും ഒരു അംഗത്തെ തെരഞ്ഞെടുത്തുകൊണ്ട് രൂപീകരിക്കുന്ന ഭരണസമിതി. (ഭരണ സമിതി അംഗങ്ങളുടെ എണ്ണം എ.ഡി.എസ്സുകളുടെ എണ്ണത്തിന് തുല്യമായിരിക്കും)
• ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ, മെമ്പർ സെക്രട്ടറി എന്നിങ്ങനെ ഔദ്യോഗിക ഭാരവാഹികൾ
• തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 5 അംഗ വനിതാ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ അംഗങ്ങളായ എക്സ് ഒഫീഷ്യോ അംഗങ്ങൾ.
• സി.ഡി.എസ്സിലെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനും തദ്ദേശ സ്ഥാപന പ്രസിഡിന്റ് അദ്ധ്യക്ഷനായുള്ള വിലയിരുത്തൽ സമിതി.

നാളിതുവരെ കണക്കുകൾ പ്രകാരം ആകെ 1,065 സി.ഡി.എസ്സുകൾ കുടുംബശ്രീയുടേതായിട്ടുണ്ട്

സി.ഡി.എസ്സിന്റെ ചുമതലകൾ
പഞ്ചായത്ത് / നഗരസഭയിൽ നടപ്പിലാക്കുന്ന വിവിധ ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളും കുടുംബശ്രീ പ്രവർത്തനങ്ങളും അവലോകനം ചെയ്യുകയും വിലയിരുത്തുകയും ചെയ്യുക, വിവിധ സർക്കാർ, അർദ്ധ സർക്കാർ ഏജൻസികൾ നടപ്പാക്കുന്ന ദാരിദ്ര്യ നിർമ്മാർജ്ജന പരിപാടികൾ പഞ്ചായത്ത് / നഗരസഭയിലെ അയൽക്കൂട്ട കുടുംബാംഗങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള സാധ്യതകൾ കണ്ടെത്തുക, കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെയും എ.ഡി.എസ്സുകളുടെയും പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും ശേഷി വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ പരിശീലനങ്ങൾ സംഘടിപ്പിക്കുക.  ഗ്രാമ പഞ്ചായത്തിന് കൈമാറിയിട്ടുള്ള വിവിധ വകുപ്പുകളുടെയും ദാരിദ്ര്യ നിർമ്മാർജ്ജന മേഖലയിൽ പ്രവർത്തിക്കുന്ന ഇതര വകുപ്പുകളുടെയും സംഘടനകളുടെയും പ്രവർത്തനങ്ങൾ സംയോജിപ്പിക്കുക എന്നിവയാണ് സി.ഡി.എസ്സിന്റെ പ്രധാന ചുമതല. സി.ഡി.എസ്. ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്താണ് പ്രവർത്തിക്കുന്നത്.  സി.ഡി.എസിന് നിർബന്ധമായും ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കും. സി.ഡി.എസ്. ചെയർപേഴ്സനും, മെമ്പർ സെക്രട്ടറിയും സംയുക്തമായാണ് പ്രസ്തുത അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യുന്നത്.

 

വിലയിരുത്തൽ സമിതി
പ്രാദേശിക ഭരണകൂടത്തേയും കുടുംബശ്രീ സി.ഡി.എസ്സ്. സംവിധാനത്തേയും ജനാധിപത്യ രീതിയിൽ ഒരുമിപ്പിക്കുന്ന വേദിയാണ് വിലയിരുത്തൽ സമിതി.  തദ്ദേശഭരണ സ്ഥാപനത്തിന്റെ കീഴിലുള്ള ഘടക/വകുപ്പ് മേധാവികളെല്ലാം ഇതിൽ അംഗങ്ങളാണ്. തദ്ദേശ ഭരണസമിതിയുടെ അദ്ധ്യക്ഷൻ നേതൃത്വം കൊടുക്കുന്ന യോഗത്തിൽ പ്രസ്തുത ഉദ്യോഗസ്ഥർ പങ്കെടുക്കുകയും അവിടെ നടക്കുന്ന ഉത്തരവാദിത്വപൂർണ്ണമായ ചർച്ചകളും തീരുമാനമെടുക്കൽ പ്രക്രിയയും അവരുടെ തന്നെ സേവനപരമായ ബാധ്യതയായി അംഗീകരിക്കുകയും ചെയ്യുന്നു.
മൂന്ന് മാസത്തിലൊരിക്കൽ നിർബന്ധമായും ചേരേണ്ട വിലയിരുത്തൽ സമിതി യോഗമാണ് സി.ഡി.എസിന്റെ കരട് വാർഷിക കർമ്മ പദ്ധതി തയ്യാറാക്കുന്നതിനുള്ള ആശയങ്ങളും വിവരങ്ങളും നൽകുകയും വിവിധ വേദികളിൽ നടക്കുന്ന ചർച്ചകളിൽ ഇടപെട്ട് ആവശ്യമായ ദിശാബോധം നൽകുകയും ചെയ്യുന്നത്.  അപ്രകാരം വിശദമായ ചർച്ചകൾക്കും തീരുമാനങ്ങൾക്കും വിധേയമാക്കുന്ന വാർഷിക കർമ്മ പരിപാടികൾ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മുഖാന്തരമാണ് പ്രാദേശിക ഭരണകൂടത്തിന്റെ പരിഗണനയ്ക്ക് ലഭ്യമാക്കുന്നത്. ഇങ്ങനെ പ്രാദേശിക ഭരണസമിതിയുടെ ആത്യന്തികമായ അംഗീകാരത്തിന് വിധേയമായി നടപ്പാക്കുന്ന കർമ്മപദ്ധതിയുടെ നിർവ്വഹണ പുരോഗതി വിലയിരുത്തി ദിശാഗതി നിയന്ത്രണവും നേതൃത്വവും നൽകുവാനുള്ള അധികാരവും വിലയിരുത്തൽ സമിതിക്കുണ്ട്. കൂടാതെ കുടുംബശ്രീ സി.ഡി.എസ്. നടപ്പിലാക്കുന്ന വിവിധ പരിപാടികൾ യഥാസമയം വിലയിരുത്തി ആവശ്യമായ നിർദ്ദേശങ്ങളും പിന്തുണയും നൽകുന്നതിനും വിലയിരുത്തൽ സമിതി പ്രധാന പങ്ക് വഹിക്കുന്നു.

 

സംഘടന ശാക്തീകരണത്തിന്റെ ഭാഗമായുള്ള വിവിധ പദ്ധതികൾ


അഡ്മിനിസ്ട്രേറ്റീവ് ഗ്രാന്റ്:
കുടുംബശ്രീ സി.ഡി.എസ്സുകൾക്ക് ദൈനംദിന ചെലവുകളുടെ നിർവ്വഹണത്തിനും, സുഗമമവും സജ്ജീവുമായ പ്രവർത്തനത്തിന് കുടുംബശ്രീ മിഷനിൽ നിന്നും നൽകുന്ന സാമ്പത്തിക സഹായമാണ് അഡ്മിനിസ്ട്രേറ്റീവ് ഗ്രാന്റ്. നിലവിലുള്ള മാർഗ്ഗനിർദ്ദേശ പ്രകാരം വാർഡുകളുടെ എണ്ണത്തിനനുസരിച്ച് പ്രതിമാസം 3,275 രൂപ മുതൽ 4,425 രൂപ വരെ കുടുംബശ്രീ മിഷനിൽ നിന്നും അഡ്മിനിസ്ട്രേറ്റീവ് ഗ്രാന്റായി ഒാരോ സി.ഡി.എസ്സിനും നൽകുന്നു.  

സി.ഡി.എസ്. ചെയർപേഴ്സൺ ഹോണറേറിയം
കേരളത്തിന്റെ കുടുംബശ്രീ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് പ്രശംസാവഹമായ പ്രവർത്തനം കാഴ്ചവെയ്ക്കുന്ന വിഭാഗമാണ്  സി.ഡി.എസ്. ചെയർപേഴ്സൺമാർ. 2008 മുതൽ ആരംഭിച്ച സംഘടന തിരഞ്ഞെടുപ്പിലൂടെ ഒാരോ മുന്ന് വർഷം കൂടുമ്പോഴാണ് സി.ഡി.എസ്. ചെയർപേഴ്സൺമാരെ അയൽക്കൂട്ടം, എ.ഡി.എസ്സ്. എന്നിവയിലൂടെ തെരഞ്ഞെടുക്കുന്നത്. ഇപ്രകാരം തെരഞ്ഞെടുക്കുന്ന സി.ഡി.എസ്. ചെയർപേഴ്സന് പ്രതിമാസം 6,000 രൂപ വീതം കുടുംബശ്രീ മിഷനിൽ നിന്നും ഹോണറേറിയം ആയി നൽകുന്നു.

 

സി.ഡി.എസ്. അക്കൗണ്ടന്റ് ശമ്പളം
കുടുംബശ്രീ സി.ഡി.എസ്. ഓഫീസിലെ സാമ്പത്തിക മാനേജ്മെന്റ്, രജിസ്റ്ററുകൾ എഴുതി സൂക്ഷിക്കൽ എന്നിവയ്ക്ക് മെമ്പർ സെക്രട്ടറിയെ സഹായിക്കുന്നതിനായി ഓരോ സി.ഡി.എസ്സിലും ബി.കോം വിദ്യാഭ്യാസ യോഗ്യതയുള്ള കുടുംബശ്രീ അയൽക്കൂട്ട കുടുംബാംഗത്തെ എഴുത്തു പരീക്ഷയുടെയും ഇന്റർവ്യൂവിന്റേയും അടിസ്ഥാനത്തിൽ കരാർ അടിസ്ഥാനത്തിൽ നിയമിച്ചിട്ടുണ്ട്. സി.ഡി.എസ്. ആണ് ഇവരുടെ നിയമന അധികാരി. കൂടാതെ 14 ജില്ലാ മിഷനുകളിലും ഒാരോ അക്കൗണ്ടന്റിനെ വീതം പ്രസ്തുത റാങ്ക് ലിസ്റ്റിൽ നിന്നും നിയമിച്ചിട്ടുണ്ട്. ഇവർക്ക്  പ്രതിമാസം 12,000 - 15,000 രൂപ ശമ്പളമായി കുടുംബശ്രീ മിഷനിൽ നിന്നും അനുവദിച്ചു വരുന്നു

 

സംഘടന വാർഷിക പദ്ധതി 2019-2020
കുടുംബശ്രീ ത്രിതല സഘടന സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തന പരിപാടികളും കാമ്പയിനുകളുമാണ് പ്രധാനമായും സംഘടനാ ടീമിന്റെ പ്രവർത്തന പരിപാടികൾ. 2019-2020 സാമ്പത്തിക വർഷത്തിൽ താഴെ പറയുന്ന പ്രവർത്തന പരിപാടികൾ പ്ലാൻ ചെയ്തിരിക്കുന്നു.

 

1. പ്രത്യേക അയൽക്കൂട്ടങ്ങളുടെ ശാക്തീകരണം - റിലേഷൻഷിപ്പ് കേരള
ദാരിദ്ര്യം ലഘൂകരിക്കുന്നതിന് സാമൂഹ്യ സാഹചര്യ പ്രശ്നങ്ങൾക്കും പരിഹാരം കാണേണ്ടതുണ്ട് എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ പൊതുധാരാ അയൽക്കൂട്ടങ്ങൾക്കൊപ്പം ശാരീരിക മാനസിക ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുടുംബങ്ങൾ, ട്രാൻസ് ജെൻഡർ ജനവിഭാഗങ്ങൾ, വയോജനങ്ങൾ എന്നിവരുടെ കൂടുതൽ പ്രത്യേക അയൽക്കൂട്ടങ്ങൾ രൂപീകരിക്കുന്നതിന് 2019-20 സാമ്പത്തിക വർഷത്തിൽ കുടുംബശ്രീ മിഷൻ ലക്ഷ്യമിടുന്നു. ഇപ്രകാരം രൂപീകരിക്കുന്ന പ്രത്യേക അയൽക്കൂട്ടങ്ങൾക്ക് കപ്പാസിറ്റി ബിൽഡിംഗ്, സംരംഭങ്ങൾ ആരംഭിക്കുന്നത് ഉൾപ്പെടെയുള്ള പരിശീലനങ്ങൾ എന്നിവ പ്ലാൻ ചെയ്തിട്ടുണ്ട്.

 

2. തീരദേശ മേഖലയെ ശക്തിപ്പെടുത്തൽ - തീരശ്രീ
തീരശ്രീ പദ്ധതിയിലൂടെ തീരദേശ മേഖലയിലെ കുടുംബശ്രീ സംഘടനാ സംവിധാനത്തിന്റെ സമഗ്രമായ നവീകരണവും വ്യാപനവും ഉറപ്പുവരുത്തും. തീരദേശ മേഖലയിലെ അയൽക്കൂട്ടങ്ങളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2019-20 സാമ്പത്തിക വർഷം തീരദേശ അയൽക്കൂട്ടങ്ങൾക്ക് 15,000/- രൂപ വീതം റിവോൾവിംഗ് ഫണ്ട് നൽകും.  പ്രസ്തുത ആർ.എഫ്. അയൽക്കൂട്ടങ്ങളുടെ ആന്തരിക വായ്പാ പ്രവർത്തനങ്ങൾക്കും സംരംഭ പ്രവർത്തനങ്ങൾക്കും സഹായകരമാകും. ഇതു കൂടാതെ 2017-18 സാമ്പത്തിക വർഷം തീരദേശ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി പ്രതിമാസം 7,500/- രൂപ ഓണറേറിയം നിരക്കിൽ നിയമിച്ച 81 കോസ്റ്റൽ കമ്മ്യൂണിറ്റി വോളണ്ടിയർമാരുടെ സേവനം 2019-20 വർഷം തുടർന്നും ഉപയോഗപ്പെടുത്തും.

 

3. കുടുംബശ്രീ സ്കൂൾ
‘കുടുംബശ്രീ സ്കൂൾ’ എന്ന പേരിൽ അറിയപ്പെടുന്ന ഈ അനൗപചാരിക വിദ്യാഭ്യാസ പരിപാടി 2.8 ലക്ഷം അയൽക്കൂട്ടങ്ങളിലെയും 43 ലക്ഷം അംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് 2017-18, 2018-19,   സാമ്പത്തിക വർഷങ്ങളിൽ നടപ്പിലാക്കിയിരുന്നു. കുടുംബശ്രീ സംഘടനാ സംവിധാനത്തെക്കുറിച്ചും വിവിധ പദ്ധതികളെക്കുറിച്ചുമുള്ള അറിവ് അയൽക്കൂട്ടങ്ങൾക്ക് നൽകുന്നതിനും. മികച്ച റിസോഴ്സ് പേഴ്സൺമാരെ കണ്ടെത്തി കുടുംബശ്രീ സംവിധാനത്തിന്റെ ഭാഗമാക്കുന്നതിനും സാധിച്ചു. പ്രസ്തുത പരിശീലനം സംഘടിച്ചതിൽ നിന്നും അയൽക്കൂട്ടതലത്തിൽ ഇനിയും പരിശീലനങ്ങൾ ആവശ്യമുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. കൂടാതെ കൂടുതൽ വിഷയങ്ങൾ ഉൾപ്പെടുത്തികൊണ്ട് കുടുംബശ്രീ സ്കൂൾ പരിശീലന പരിപാടി തുടർ വർഷങ്ങളിലും സംഘടിപ്പിക്കണമെന്ന് അയൽക്കൂട്ട അംഗങ്ങളിൽ നിന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.  ഈ സാഹചര്യത്തിൽ 2019-20 വർഷം കുടുംബശ്രീ സ്കൂൾ മൂന്നാം ഘട്ടം നടപ്പിലാക്കുന്നതിന് പ്ലാൻ ചെയ്തിട്ടുണ്ട്.

 

4. മാതൃക സി.ഡി.എസ്സ് /സുസ്ഥിര സി.ഡി.എസ്സ് :
അയൽക്കൂട്ടം എ.ഡി.എസ്സ്.,  സി.ഡി.എസ്സ്. എന്നിവയെ ഗ്രേഡ്  ചെയ്ത് ‘എ’, ‘ബി’, ‘സി’, ‘ഡി’ കാറ്റഗറിയായി തിരിക്കുകയും ശേഷം ഗ്രേഡിങ്ങിൽ ഏറ്റവും അധികം മാർക്ക് ലഭിക്കുന്ന അയൽക്കൂട്ടങ്ങളെ, എ.ഡി.എസ്സുകളെ, സി.ഡി.എസ്സുകളെ മെന്റർ അയൽക്കൂട്ടം, എ.ഡി.എസ്സ്., സി.ഡി.എസ്സ്. ആക്കി മാറ്റുകയും ചെയ്യും.
അംഗങ്ങളുടെ ഉടമസ്ഥതയിലുള്ള, അംഗങ്ങളാൽ നയിക്കുന്ന, അംഗങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന മാതൃക സി.ഡി.എസ്സുകൾ സൃഷ്ടിക്കുക എന്നതാണ് ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം. ജില്ലയിലെ മികച്ച മൂന്ന് സി.ഡി.എസ്സുകളെ വീതം തെരഞ്ഞെടുത്ത് അവയെ മാതൃക സി.ഡി.എസ്സ് / സുസ്ഥിര സി.ഡി.എസ്സ് ആക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഈ വർഷം തുടക്കം കുറിക്കും.


5. കമ്മ്യൂണിറ്റി റേഡിയോ
2019-20 സാമ്പത്തിക വർഷം കുടുംബശ്രീ മിഷൻ മലപ്പുറം ജില്ലയിൽ കമ്മ്യൂണിറ്റി റേഡിയോ നടപ്പാക്കും. കമ്മ്യൂണിറ്റി റേഡിയോ കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾക്കും മറ്റു പൊതുജനങ്ങൾക്കും കുടുംബശ്രീയെക്കുറിച്ചും വിവിധ പദ്ധതികളെക്കുറിച്ചും അറിവ് നൽകുന്നതിനും അയൽക്കൂട്ട അംഗങ്ങൾക്കായി വിവിധ വിനോദ പരിപാടികൾ നടപ്പിലാകുന്നതിനും ഉപകരിക്കും.

 

6. വിവിധ പരിശീലനങ്ങൾ
അയൽക്കൂട്ട എ.ഡി.എസ്സ്, സി.ഡി.എസ്.തലങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ, സി.ഡി.എസ്. അക്കൗണ്ടന്റുമാർ, മെമ്പർ സെക്രട്ടറിമാർ എന്നിവർക്കുള്ള പരിശീലനം ഈ  വർഷത്തെ മുഖ്യ പ്രവർത്തനമായി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് കൂടാതെ കുടുംബശ്രീ ഉദ്യോഗസ്ഥർക്കുള്ള വിവിധ പരിശീലനങ്ങളും പ്ലാൻ ചെയ്തിട്ടുണ്ട്.

 

7. e-Nest
കുടുംബശ്രീയിൽ അഫിലിയേഷൻ ചെയ്തിട്ടുള്ള 43 ലക്ഷം അയൽക്കൂട്ട കുടുംബാംഗങ്ങളെയും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ജിയോ ടാഗ് ചെയ്യുകയും കുടുംബാംഗങ്ങളുടെ വിവരങ്ങൾ കൂടി ശേഖരിച്ച് താഴെത്തട്ടിൽ നിന്നുള്ള സൂക്ഷ്മതല ആസൂത്രണം സമഗ്രമാക്കുകയും ചെയ്യും.
കിലയുടെ സാമ്പത്തിക സാങ്കേതിക സഹായത്തോടെ സാങ്കേതിക വിദ്യ വികസിപ്പിയ്ക്കുകയും സർവ്വേയർമാർക്ക് പരിശീലനം നൽകുകയും ചെയ്യും. എ.ഡി.എസ്സ്. ഭാരവാഹികളിൽ നിന്നോ എ.ഡി.എസ്സ് കമ്മറ്റി നിർദ്ദേശിക്കുകയോ ചെയ്യുന്ന സ്മാർട്ട് ഫോൺ ഉള്ള വ്യക്തികളായിരിയ്ക്കും സർവ്വേയർമാരായി നിശ്ചയിക്കുക.
സർവ്വേയിലൂടെ ലഭ്യമായ ഡേറ്റയുടെ പ്രാഥമിക പരിശോധന എ.ഡി.എസ്സ് / സി.ഡി.എസ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തുന്നതാണ്. തുടർന്ന് ഉദ്യോഗസ്ഥതലത്തിലുള്ള പരിശോധന നടത്തും. തുടർന്ന് ലഭ്യമായ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ താഴെപ്പറയുന്ന പ്ലാനുകൾ തയ്യാറാക്കി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും.


അയൽക്കൂട്ടതലം: സാമൂഹിക വികസന പ്ലാൻ, ഉപജീവന പ്ലാൻ, അടിസ്ഥാന വികസന പ്ലാൻ, റിസോഴ്സ് പ്ലാൻ


എ.ഡി.എസ്സ്തലം: അതാത് പ്രദേശത്തെ അയൽക്കൂട്ടങ്ങളുടെ സൂക്ഷ്മതല പ്ലാനുകളെ സംയോജിപ്പിച്ച് എ.ഡി.എസ്സ് പ്ലാൻ തയ്യാറാക്കുന്നു.


സി.ഡി.എസ്സ്തലം: ഓരോ സി.ഡി.എസ്സ് പ്രദേശത്തുമുള്ള എ.ഡി.എസ്സുകളുടെ പ്ലാനുകളെ സംയോജിപ്പിച്ച് സി.ഡി.എസ്സ് ആവശ്യകതാ നിർണ്ണയം നടത്തുകയും അവ പൂർത്തീകരിക്കുന്നതിനാവശ്യമായ പദ്ധതി നിർദ്ദേശങ്ങൾ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് സമർപ്പിക്കുകയും ചെയ്യും.


സി.ഡി.എസ്സ് ആവശ്യകതാ നിർണ്ണയത്തെ ജില്ലാടിസ്ഥാനത്തിൽ ക്രോഡീകരിച്ച് ജില്ലാ / ബ്ലോക്ക് പഞ്ചായത്തുകൾക്ക് പദ്ധതി നിർദ്ദേശങ്ങൾ സമർപ്പിക്കും. ജില്ലാടിസ്ഥാനത്തിൽ  ആവശ്യകതാ  നീർണ്ണയം നടത്തുകയും അവ കുടുംബശ്രീ പദ്ധതികളിൽ ഉൾപ്പെടുത്തുന്നതിനായി ജില്ലാ മിഷനുകൾ സംസ്ഥാനമിഷനു കൈമാറുകയും ചെയ്യും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിയ്ക്കും കുടുംബശ്രീ അതിന്റെ വാർഷിക പദ്ധതികളുടെ മുൻഗണനകൾ നിശ്ചയിക്കുക.

 

8. ഹരിത അയൽക്കൂട്ട ക്യാമ്പയിൻ:
അയൽക്കൂട്ട പ്രദേശത്ത് ഹരിത ചട്ടം പാലിയ്ക്കുക, ഉത്തമ കാർഷിക രീതികൾ അവലംബിയ്ക്കുക, മാലിന്യ സംസ്ക്കരണ സംവിധാനങ്ങൾ നടപ്പിലാക്കുക, പകർച്ചവ്യാധികളെ സംബന്ധിച്ച് അറിവുണ്ടായിരിയ്ക്കുക, പ്രദേശത്തുള്ള പ്രകൃതിവിഭവങ്ങൾ പരിരക്ഷിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുന്ന അയൽക്കൂട്ടങ്ങളെയാണ് ഹരിത അയൽക്കൂട്ടങ്ങളായി പ്രഖ്യാപിയ്ക്കുക. ഇപ്രകാരം സംസ്ഥാനത്ത് 10,650 അയൽക്കൂട്ടങ്ങളെ മാതൃകാ ഹരിത അയൽക്കൂട്ടങ്ങളായി പരിവർത്തനം ചെയ്യിക്കുന്നതിന് ഈ പ്രവർത്തനത്തിലൂടെ ലക്ഷ്യമിടുന്നു. ഹരിതകേരള മിഷൻ, ശുചിത്വ മിഷൻ, കില എന്നീ ഏജൻസികളുടെ സാങ്കേതിക, സാമ്പത്തിക സഹായത്തോടുകൂടിയാണ് ഇൗ പ്രവർത്തനം സംഘടിപ്പിയ്ക്കുന്നത്.
 

9. ദിശ 2019
കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന്റെ പ്രവർത്തനങ്ങളെ ക്രമപ്പെടുത്തുക, ലക്ഷ്യബോധമുള്ളതാക്കുക, എ.ഡി.എസ്സ്. സംവിധാനത്തെ ശക്തിപ്പെടുത്തുക, അഫിലിയേഷൻ, ഒാഡിറ്റിംഗ് എന്നിവ ക്രമപ്പെടുത്തുക എന്നിവയാണ് ഇൗ പ്രവർത്തനത്തിന്റെ ലക്ഷ്യം.
 

10. അരങ്ങ് 2019
കുടുംബശ്രീ പ്രവർത്തനങ്ങളുടെ വിലയിരുത്തലും പുതിയ സാമ്പത്തിക വർഷത്തിലെ പ്രധാന പ്രവർത്തനങ്ങളുടെ അവതരണവുമാണ് വാർഷികത്തിന്റെ ലക്ഷ്യം. ദരിദ്രരായ കുടുംബശ്രീ അംഗങ്ങളുടെ കലാപരമായ ശേഷികളെ പരിപോഷിപ്പിക്കുക എന്നതാണ് അരങ്ങ്  കലോത്സവത്തിന്റെ ലക്ഷ്യം.
 

സംഘടനാ ടീം
കുടുംബശ്രീ സംസ്ഥാന മിഷനിൽ പ്രോഗ്രാം ഒാഫീസറുടെ നേതൃത്വത്തിൽ രണ്ട് പ്രോഗ്രാം മാനേജർമാർ അടങ്ങുന്ന ടീം പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു. ജില്ലാ മിഷനുകളിൽ സംഘടനാ ചുമതയുള്ള ഒരു എ.ഡി.എം.സി., ജില്ലാ പ്രോഗ്രാം മാനേജർ എന്നിവർ പ്രവർത്തങ്ങൾക്ക് നേതൃത്വത്തെ നൽകുന്നു. ഇത് കൂടാതെ എല്ലാ ബ്ലോക്കുകളിലും സി.ഡി.എസ്സ്. പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യുന്നതിനും പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനും ഓരോ ബ്ലോക്ക് കോർഡിനേറ്ററും പ്രവർത്തിച്ചു വരുന്നു.